ബോഹും: പടിഞ്ഞാറന് ജര്മ്മന് നഗരമായ ബോഹുമിലെ റെസിഡന്ഷ്യല് അപ്പാര്ട്ട്മെന്റ് സമുച്ചയത്തിലുണ്ടായ വന് തീപിടുത്തത്തില് ദാരുണമായി ജീവന് നഷ്ടപ്പെട്ട മൂന്ന് പേരും ഇന്ത്യന് പൗരന്മാരാണെന്ന് സ്ഥിരീകരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഇതേ കെട്ടിടത്തില് താമസിക്കുന്ന 41~കാരനായ അയല്വാസിയെ പോലീസ് അറസ്ററ് ചെയ്തു. കൊലപാതക കുറ്റത്തിന് ഹോമിസൈഡ് സ്ക്വാഡ് (Mordkommission) ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്ന് പോലീസും പബ്ളിക് പ്രോസിക്യൂഷനും സംയുക്തമായി അറിയിച്ചു.
മരണപ്പെട്ടത് യുവ മലയാളികള് ; വിറങ്ങലിച്ച് പ്രവാസി സമൂഹം:
തീപിടുത്തത്തില് മരിച്ച മൂന്ന് പേരെയും ഔദ്യോഗികമായി തിരിച്ചറിഞ്ഞു. 25~ഉം 27~ഉം വയസ്സുള്ള രണ്ട് യുവതികളും 26 വയസ്സുള്ള ഒരു യുവാവുമാണ് മരിച്ചത്. അഞ്ജലി ഷീല ജോയ്, ചാമക്കാട് കൊല്ലം,സ്വിന് ജോണി,കാലടി, നോവ സാബു, ഇടുക്കി, കട്ടപ്പന, ശാന്തിഗിരി എന്നിവരാണ് വിഷപ്പുകയും തീയും ശ്വസിച്ച് ദാരുണമായി മരണപ്പെട്ടത്. മൂവരും ഇന്ത്യന് പൗരന്മാരാണെന്ന വിവരം പുറത്തുവന്നതോടെ ജര്മ്മനിയിലെ മലയാളി സമൂഹമുള്പ്പെടെയുള്ള പ്രവാസി ഭാരതീയര്ക്കിടയില് വലിയ ഞെട്ടലും തീരാവേദനയുമാണ് പടര്ന്നിരിക്കുന്നത്. രണ്ടാഴ്ച മുന്പ് മാത്രമാണ് ഇവര് കെട്ടിടത്തിലെ രണ്ടാം നിലയിലുള്ള അപ്പാര്ട്ട്മെന്റില് പുതുതായി താമസത്തിനെത്തിയത്.
ഏക രക്ഷാമാര്ഗ്ഗമായ ഗോവണി കത്തിയമര്ന്നു; അതിസാഹസിക രക്ഷാപ്രവര്ത്തനം:
ചൊവ്വാഴ്ച പുലര്ച്ചെ 4.15~ഓടെ ബോഹും ഹോഫ്സ്റെറഡെ (ഒീളലെേറല) മേഖലയിലെ പോസ്ററ്സ്ട്രാസെയിലുള്ള ബഹുനില കെട്ടിടത്തിലായിരുന്നു അഗ്നിബാധ. താഴത്തെ നിലയിലെ ഇടനാഴിയില് സൂക്ഷിച്ചിരുന്ന കുട്ടികളുടെ സ്ട്രോളറുകള്ക്ക് (ഗശിറലൃംമഴലി) തീവെച്ചതാകാമെന്നും, തുടര്ന്ന് മുകളിലേക്ക് കയറാനുള്ള തടി കൊണ്ടുള്ള കോവണിയിലേക്ക് (wooden staircase) തീ ആളിപ്പടര്ന്നതുമാണ് വലിയ ദുരന്തത്തിന് വഴിവെച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. അതികഠിനമായ ചൂടില് ഭിത്തിയിലെ ലെറ്റര്ബോക്സുകള് പോലും ഉരുകിയ നിലയിലാണ്.
കെട്ടിടത്തില് നിന്നുള്ള ഏക രക്ഷാമാര്ഗ്ഗമായ തടികൊണ്ടുള്ള കോവണി പൂര്ണ്ണമായി കത്തിയമരുകയും ഇടനാഴിയിലാകെ കനത്ത വിഷപ്പുകയും കൊടുംചൂടും പടരുകയും ചെയ്തതോടെ മുകള്നിലകളിലെ താമസക്കാര്ക്ക് പുറത്തിറങ്ങാനായില്ല. തുടര്ന്ന് പലരും ജനലുകള് വഴിയാണ് നിലവിളിച്ചതും സഹായം അഭ്യര്ത്ഥിച്ചതും. സ്ഥലത്തെത്തിയ അഗ്നിശമന സേന ടേണ്ടേബിള് ലാഡറുകളും പോര്ട്ടബിള് ഗോവണികളും ഉപയോഗിച്ച് സാഹസികമായാണ് നാല് പേരെ താഴെയിറക്കിയത്. ഒരാള് ജീവന് രക്ഷിക്കാന് അഗ്നിശമന സേന താഴെ വിരിച്ച സേഫ്റ്റി കുഷ്യനിലേക്ക് (Rettungskissen) ജനലിലൂടെ എടുത്തുചാടുകയായിരുന്നു. പരിക്കേറ്റ അഞ്ച് പേര് ആശുപത്രികളില് ചികിത്സയിലാണ്.
തീ നിയന്ത്രണവിധേയമാക്കിയ ശേഷം നടത്തിയ പരിശോധനയിലാണ് രണ്ടാം നിലയിലെ ഫ്ലാറ്റില് ഇന്ത്യന് സ്വദേശികളായ മൂന്ന് പേരെയും അബോധാവസ്ഥയില് കണ്ടെത്തിയത്. രക്ഷാപ്രവര്ത്തകര് കൃത്രിമ ശ്വാസോച്ഛ്വാസം നല്കി ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാന് പരമാവധി ശ്രമിച്ചെങ്കിലും സംഭവസ്ഥലത്ത് വെച്ചുതന്നെ മൂവരും മരണത്തിന് കീഴടങ്ങി.
സാങ്കേതിക തകരാറല്ല; സ്ഥിരീകരിച്ചത് മനഃപൂര്വ്വമുള്ള തീവെയ്പ്പ്:
സംഭവത്തില് ഷോര്ട്ട് സര്ക്യൂട്ട് പോലുള്ള സാങ്കേതിക തകരാറുകള് (technical defect) ഒന്നുമില്ലെന്ന് അഗ്നിശമന~ഫോറന്സിക് വിദഗ്ദ്ധരുടെ പരിശോധനയില് വ്യക്തമായി. മനഃപൂര്വ്വം തീവെച്ചതാണെന്ന (Brandstiftung) നിഗമനത്തെ തുടര്ന്നാണ് കൊലപാതക കുറ്റത്തിന് കേസെടുത്തതും, കെട്ടിടത്തിലെ തന്നെ താമസക്കാരനായ 41~കാരനെ കസ്ററഡിയിലെടുത്തതും.
തീപിടുത്തം ഉണ്ടാകുന്നതിന് തലേദിവസം (ഞായറാഴ്ച ഉച്ചയ്ക്ക്) ഇതേ കെട്ടിടത്തില് താമസക്കാര് തമ്മിലുണ്ടായ തര്ക്കത്തെത്തുടര്ന്ന് പോലീസ് പട്രോളിംഗ് സംഘം എത്തിയിരുന്നു. അന്ന് ആരും ഔദ്യോഗികമായി പരാതി നല്കിയിരുന്നില്ലെങ്കിലും, ഈ തര്ക്കത്തിന് തീപിടുത്തവുമായും കൊലപാതകവുമായും എന്തെങ്കിലും ബന്ധമുണ്ടോയെന്നത് അന്വേഷണ സംഘം അതീവ ഗൗരവത്തോടെ പരിശോധിച്ചുവരികയാണ്.
ദശാബ്ദങ്ങള്ക്കിടയിലെ വലിയ ദുരന്തമെന്ന് ബോഹും മേയര്:
ബോഹും നഗരം കഴിഞ്ഞ ഏതാനും ദശാബ്ദങ്ങള്ക്കിടയില് കണ്ട ഏറ്റവും വലിയ ദുരന്തമാണിതെന്ന് നഗര മേയര് യോര്ഗ് ലൂക്കാറ്റ് അനുശോചന സന്ദേശത്തില് വ്യക്തമാക്കി. അപകടം നടന്ന കെട്ടിടം പൂര്ണ്ണമായി പോലീസ് സീല് ചെയ്തിരിക്കുകയാണ്. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളെ ഔദ്യോഗികമായി വിവരം അറിയിക്കുന്നതിനും എംബസി / കോണ്സുലേറ്റ് തലത്തിലുള്ള തുടര്നടപടികള്ക്കുമായി അധികൃതരും പ്രവാസി പ്രതിനിധികളും സജീവമായി രംഗത്തുണ്ട്.

Comments: